Friday 8 July 2016

ഇര


സീൻ  ഒന്ന്


രാവിലെ  ഒൻപതു മണി

ഔട്ട് ഡോർ

ബസ്സ് സ്റ്റോപ്പ്


പമ്പുകാരൻ

മകൾ


ഒരു ചെമ്മൺ പാത. അതിന്റെ സൈഡിൽ ഒരു പൊളിഞ്ഞ ഓല മേഞ്ഞ വെയിറ്റിങ്ങ് ഷെഡ്. അവിടെ, രാവിലെ മകളെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാൻ കാത്ത് നിൽക്കുന്ന പമ്പുകാരൻ. സ്‌കൂട്ടർ സ്റ്റാൻഡിൽ വച്ചിരിക്കുന്നു. അയാൾ സ്‌കൂട്ടറിൽ ചാരി നിൽക്കുന്നു. കുട്ടി സ്‌കൂൾ ബാഗും തൂക്കി അടുത്ത് തന്നെയുണ്ട്.

അകലെ നിന്നും വരുന്ന സ്‌കൂൾ ബസ്സ്. ബസ്സ് അവരുടെ സമീപം വന്ന് നിൽക്കുന്നു. കുട്ടി ബസ്സിൽ കയറുന്നു. ബസ്സ് കടന്ന് പോകുന്നു.

പമ്പുകാരൻ കുട്ടി പോകുന്നതും നോക്കി നിൽക്കുന്നു.

തന്റെ സ്‌കൂട്ടർ അയാൾ സ്റ്റാർട്ടാക്കുന്നു.


സ്‌കൂട്ടർ ചെമ്മൺ പാത വിട്ട് തിരക്കുള്ള ഒരു ടാറിട്ട റോഡിൽ കയറുന്നു.


അയാൾ സ്‌കൂട്ടറിൽ താൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ എത്തുന്നു.




സീൻ - രണ്ട്


പകൽ മൂന്ന് മണി

ഔട്ട് ഡോർ

പെട്രോൾ പമ്പ്


പമ്പുകാരൻ

ഓട്ടോക്കാരൻ

മറ്റ് വാഹനങ്ങൾ




താൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങളിൽ പെട്രോൾ ഒഴിച്ചുകൊടുക്കുന്ന പമ്പ് കാരൻ. വാഹനങ്ങൾ ക്യൂ ആയി നിൽക്കുന്നു. അവിടെ ക്യൂ തെറ്റിച്ച് കടന്ന് വരുന്ന ഓട്ടോക്കാരൻ. അയാളെ നോക്കുന്ന പമ്പുകാരൻ.



സീൻ - മൂന്ന്


പകൽ

ഔട്ട് ഡോർ

റോഡ്

സ്‌കൂൾ ബസ്സ്


ടാറിട്ട റോഡിൽ നിന്നും ചെമ്മൺ പാതയിലേക്ക് തിരിയുന്ന സ്‌കൂൾ ബസ്സ്.



സീൻ - നാല്

പകൽ


ഔട്ട് ഡോർ


നഗരം



പമ്പുകാരൻ

മറ്റു വാഹനങ്ങൾ



നഗരത്തിലെ തിരക്കിലൂടെ തന്റെ പഴയ സ്‌കൂട്ടറിൽ തിരക്കിട്ടു എങ്ങോട്ടോ പോകുന്ന ഒരാൾ. ഏതോ പെട്രോൾ പമ്പിലെ ജോലിക്കാരനാണെന്ന് വേഷം കണ്ടാലറിയാം. വാച്ചിൽ സമയം ഇടക്കിടെ നോക്കുന്നുണ്ട്. തന്റെ സ്കൂട്ടറിന് ട്രാഫിക്ക് ബ്ലോക്ക് മുഖാന്തിരം മുന്നോട്ട് പോകാൻ കഴിയാത്തതിലുള്ള അസ്വസ്ഥത മുഖത്ത് പ്രകടമാണ്. സ്‌കൂട്ടർ ഇടക്കിടക്ക് ഓഫാവുന്നുണ്ട്. വിഷമത്തോടെ അത് വീണ്ടും സ്റ്റാർട്ട് ചെയ്യുന്നു.






സീൻ - അഞ്ച്


പകൽ


ഔട്ട് ഡോർ


വിജനമായ ഒരു റോഡ്


ഓട്ടോക്കാരൻ



 ഓട്ടോ ഓടിച്ച് വരുന്ന ഓട്ടോക്കാരൻ. ചുവന്ന കണ്ണുകൾ. വൃത്തികെട്ട വേഷം, അശ്രദ്ധമായി ധരിച്ചിരിക്കുന്ന കാക്കി ഉടുപ്പ്. ബട്ടണുകൾ തുറന്ന് കിടക്കുന്നു. ഒരെണ്ണം വിട്ട് പോയിട്ടുണ്ട്. ഇടക്കിടെ മൂക്കിൽ കൈയിടുന്നുണ്ട്. നഖങ്ങളിൽ പറ്റിയിരിക്കുന്ന അഴുക്ക് വ്യക്തമായി കാണാം. വായിൽ പാൻ മസാല ഉണ്ടെന്ന് അയാൾ ചവക്കുന്നത് കണ്ടാലറിയാം. ഇടക്കിടെ പുറത്തേക്ക് നീട്ടി തുപ്പും. എന്നിട്ട് ഒരു മുഷിഞ്ഞ തുണിയെടുത്ത് ചുണ്ട് തുടക്കും. ചീകാത്ത കുറ്റി മുടി. മുഷിഞ്ഞ വസ്ത്രങ്ങൾ. കുളിച്ചിട്ട് കുറെ ദിവസങ്ങൾ ആയെന്ന് തോന്നും.





സീൻ - ആറ്


പകൽ

ഔട്ട് ഡോർ


റോഡിലൂടെ വരുന്ന സ്‌കൂൾ വണ്ടിയുടെ ചില ദൃശ്യങ്ങൾ.




സീൻ - ഏഴ്

പകൽ


ഔട്ട് ഡോർ


നഗരം



പമ്പുകാരൻ

മറ്റു വാഹനങ്ങൾ




ട്രാഫിക്കിൽ കുരുങ്ങി കിടക്കുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ. അയാൾ ഇടക്കിടെ വാച്ചിൽ നോക്കുന്നുണ്ട്. നന്നായി പരിഭ്രമിച്ചിട്ടുണ്ട്. എങ്ങിനെയും അവിടെ നിന്ന് രക്ഷപെടാൻ അയാൾ നോക്കുന്നുണ്ട്. പക്ഷേ നടക്കുന്നില്ല.






സീൻ - എട്ട്


പകൽ


ഔട്ട് ഡോർ


വിജനമായ ഒരു റോഡ്


ഓട്ടോക്കാരൻ




ഓട്ടോക്കാരൻ വണ്ടി നിറുത്തുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി റോഡരുകിൽ നിന്ന് മൂത്രമൊഴിക്കുന്നു. പാൻ മസാല വായിലിടുന്നു.  മൂക്ക് ചീറ്റുന്നു. കൈലിയുടെ അറ്റം കൊണ്ട് മൂക്ക് തുടക്കുന്നു. തിരികെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പോകുന്നു.






സീൻ - ഒൻപത്



പകൽ

ഔട്ട് ഡോർ

റോഡ്


സ്‌കൂൾ വണ്ടി പോകുന്നതിന്റെ ദൃശ്യങ്ങൾ.







സീൻ - പത്ത്


പകൽ


ഔട്ട് ഡോർ


നഗരം



പമ്പുകാരൻ

മറ്റു വാഹനങ്ങൾ




പമ്പുകാരൻ ഒരു വിധം തിരക്കിൽ നിന്നു രക്ഷപെട്ടു. ഇപ്പോഴും അയാൾ വണ്ടി ഓടിക്കുന്നു. മുഖത്ത് ഒരു ആധി കാണാം. ഇടക്കിടെ വാച്ചിൽ നോക്കുന്നുണ്ട്.







സീൻ - പതിനൊന്ന്

പകൽ

ഔട്ട് ഡോർ

റോഡ്

ഓട്ടോക്കാരൻ

ആട്


ഓട്ടോക്കാരൻ പോയ്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ആട് വണ്ടിയുടെ മുന്നിൽ ചാടി വീഴുന്നു. ഓട്ടോക്കാരൻ പുറത്തിറങ്ങുന്നു. അയാൾ ആടിനെ സ്നേഹ പൂർവം തഴുകുന്നു







സീൻ - പന്ത്രണ്ട്

പകൽ

ഔട്ട് ഡോർ

റോഡ്

കുട്ടി


സ്‌കൂൾ വണ്ടി കുട്ടിയെ ഇറക്കുന്നു. വണ്ടി പോകുന്നു. അച്ഛനെ കാണാതെ കുട്ടി പരിഭ്രമിക്കുന്നു. കുട്ടി റോഡരുകിൽ നിൽക്കുന്നു. അച്ഛൻ  വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്. കുട്ടി ചെറുതായി വിതുമ്പുന്നു.








സീൻ - പതിമൂന്ന്‌

പകൽ

ഔട്ട് ഡോർ

റോഡ്


പമ്പുകാരൻ


പമ്പ് കാരൻ സ്പീഡിൽ സ്‌കൂട്ടർ ഓടിക്കുന്നു. അയാൾ വളരെ വിഷമത്തിലാണ്.








സീൻ - പതിനാല്


പകൽ


ഔട്ട് ഡോർ

റോഡ്


കുട്ടി

ഓട്ടോക്കാരൻ



ഓട്ടോക്കാരൻ കുട്ടി നിക്കുന്ന സ്ഥലത്ത് വരുന്നു. അയാൾ ഒറ്റക്ക് നിൽക്കുന്ന കുട്ടിയെ കാണുന്നു. കുട്ടി നിൽക്കുന്ന സ്ഥലം കടന്ന് അല്പം അകലെയായി വണ്ടി നിറുത്തുന്നു. ചുറ്റുപാടും നോക്കി എന്തോ ആലോചിക്കുന്നു. വണ്ടി തിരിച്ച് കുട്ടി നിൽക്കുന്നതിന്റെ അരികിൽ നിറുത്തുന്നു.  കുട്ടിയെ സമീപിക്കുന്നു. കുട്ടി അയാളെ പേടിച്ച് നോക്കുന്നു. അയാൾ കുട്ടിയുടെ തോളിൽ കൈ വയ്കുന്നു.






സീൻ - പതിനഞ്ച്


പകൽ

ഔട്ട് ഡോർ

റോഡ്


പമ്പുകാരൻ





പമ്പ് കാരൻ സ്പീഡിൽ സ്‌കൂട്ടർ ഓടിക്കുന്നു. അയാൾ തന്റെ വാച്ചിൽ നോക്കി പരിഭ്രാന്തിയോടെ വണ്ടി ഓടിച്ച് വരുന്നു.





സീൻ - പതിനാറ്


പകൽ

ഔട്ട് ഡോർ

കാട്

കുട്ടി

ഓട്ടോക്കാരൻ


ഓട്ടോക്കാരൻ കുട്ടിയെ തോളിലിട്ട് കാട്ടിലേക്ക് നടക്കുന്നു. കുട്ടി കൈകാലടിച്ച് നിലവിളിച്ച് രക്ഷപെടാൻ ശ്രമിക്കുന്നു. അയാൾ അവളെ ബലമായി തന്റെ തോളിൽ ഇട്ടിരിക്കുന്നു. കുട്ടി തന്റെ കാലിലെ ചെരുപ്പ് കൊണ്ട് അയാളെ ചവിട്ടുന്നു. അയാൾ ചെരിപ്പുകൾ ഊരി വലിച്ചെറിയുന്നു. പിടിവലിയിൽ അവളുടെ വളകൾ പൊട്ടുന്നു. തലയിലെ ഹെയർ ബാൻഡുകൾ ഊരി താഴെ വീഴുന്നു. പുസ്തകങ്ങൾ, ബാഗിലെ പെൻസിൽ, പേന, വാട്ടർ ബോട്ടിൽ തുടങ്ങിയവ പോകുന്ന വഴിയിൽ വീഴുന്നുണ്ട്. ഓട്ടോക്കാരന്റെ കരുത്തുള്ള കൈകളിൽ കിടന്ന് പിടയുന്ന കുട്ടി പതിയെ ബോധ രഹിതയാവുന്നു.





സീൻ - പതിനേഴ്


പകൽ

ഔട്ട് ഡോർ

റോഡ്

പമ്പുകാരൻ


പമ്പുകാരൻ കുട്ടി നിന്ന സ്ഥലത്ത് വരുന്നു.  സ്‌കൂട്ടർ ഓട്ടോയുടെ അടുത്ത് പാർക്ക് ചെയ്യുന്നു. അയാൾ കുട്ടിയെ കാണാതെ പരിഭ്രമിക്കുന്നു. ചുറ്റും നോക്കുന്നു. തന്റെ മൊബൈൽ എടുത്ത് ആരെയോ വിളിക്കാൻ നോക്കുന്നു.  ഫോൺ തിരികെ പോക്കറ്റിൽ വയ്‌ക്കുന്നു. ഓട്ടോയെ അയാൾ സംശയത്തോടെ നോക്കുന്നു. ഓട്ടോയുടെ ചുറ്റും നടന്ന് നോക്കുന്നു. ഓട്ടോയുടെ അകത്ത് നോക്കുന്നു.  ഓട്ടോയുടെ ഡിക്കിയിൽ കാലുകൾ കൂട്ടിക്കെട്ടിയിട്ടിരിക്കുന്ന ആട്. പിന്നീട് ചുറ്റുപാടും നിരീക്ഷിക്കുന്നു. അല്പം അകലെ കുട്ടിയുടെ ഒരു ചെരുപ്പ് അയാൾ കാണുന്നു. അങ്ങോട്ടേക്ക് ഓടുന്നു.  ആ ചെരുപ്പ് അയാൾ എടുക്കുന്നു. അവിടെ നിന്നും കുട്ടിയുടെ കയ്യിൽ നിന്നും വീണ ഓരോ സാധനങ്ങളും പെറുക്കിക്കൊണ്ട് അയാൾ യാത്ര തുടരുന്നു. അയാൾ തികച്ചും ഒരു ഭ്രാന്തമായ മാനസികാവസ്ഥയിലാവുന്നു.








സീൻ - പതിനെട്ട്


പകൽ

ഔട്ട് ഡോർ

റോഡ്

സ്‌കൂട്ടർ

ഓട്ടോ



ഓട്ടോയും സ്‌കൂട്ടറും അടുത്തടുത്ത് പാർക്ക് ചെയ്തിരിക്കുന്നു. അവിടെങ്ങും ആരുമില്ല.







സീൻ - പത്തൊൻപത്



പകൽ

ഔട്ട് ഡോർ

കാട്

പമ്പുകാരൻ

ഓട്ടോക്കാരൻ

കുട്ടി



ഓട്ടോക്കാരൻ കുട്ടിയുമായി ആരും എത്താൻ സാധ്യതയില്ലാത്ത ഒരു സ്ഥലത്ത് എത്തുന്നു. അയാൾ പറ്റിയ ഒരു സ്ഥലം തിരയുന്നു.


അല്പം അകലെ നിന്നും പമ്പുകാരൻ തന്റെ മകളെയും തോളിലിട്ട് നടന്നു പോകുന്ന ഓട്ടോക്കാരനെ കാണുന്നു. അയാൾ തന്റെ മകളെ രക്ഷിക്കുവാനായി വേഗതയിൽ ഓടുന്നു. ശബ്ദം കേട്ട് ഓട്ടോക്കാരൻ തിരിഞ്ഞ് നോക്കുന്നു. അയാൾ പാഞ്ഞുവരുന്ന പമ്പുകാരനെ കാണുന്നു. കുട്ടിയെ വലിച്ചെറിഞ്ഞ് ഓട്ടോക്കാരൻ പമ്പുകാരനെ നേരിടുന്നു. കുട്ടി ബോധം നശിച്ച നിലയിൽ തറയിൽ വീണ് കിടക്കുന്നു.


ഓട്ടോക്കാരനും പമ്പുകാരനും തമ്മിൽ ഒരു മല്ലയുദ്ധം നടക്കുന്നു. പമ്പുകാരൻ തളർന്ന് താഴെ വീഴുന്നു. തന്നിലെ മൃഗതൃഷ്ണ വെളിവാകുന്ന രീതിയിൽ, വന്യമായ ഒരു മുഖഭാവത്തോടെ  ഓട്ടോക്കാരൻ ഒരു വലിയ  പാറക്കല്ലെടുത്ത് പമ്പുകാരന്റെ തല ഇടിച്ച്  തകർക്കുന്നു.

സ്‌ക്രീൻ ബ്ളാങ്ക് ആവുന്നു.






സീൻ - ഇരുപത്

പമ്പുകാരന്റെ കിടപ്പ് മുറി.

ഇൻ ഡോർ/ ഔട്ട് ഡോർ

രാത്രി


പമ്പുകാരൻ

കുട്ടി

ഭാര്യ(മൂടിപ്പുതച്ച്)

ഓട്ടോക്കാരൻ


സീൻ തുടങ്ങുമ്പോൾ ഇരുട്ടാണ്. പമ്പുകാരന്റെ അലർച്ച കേൾക്കുമാറാവുന്നു. ഏതോ ദുഃസ്വപ്നം  കണ്ട അയാൾ ഞെട്ടി ഉണരുന്നു. ആകെ വിയർത്തിരിക്കുന്ന പമ്പുകാരൻ. പരവേശം മൂലം അടുത്തിരുന്ന ജെഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്നു. അയാളുടെ വായിൽ നിന്നും  വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകുന്നു. ആശ്വാസത്തോടെ അയാൾ കട്ടിലിൽ കിടന്നുറങ്ങുന്ന മകളേയും ഭാര്യയേയും നോക്കുന്നു. പുറത്ത് എന്തോ ശബ്ദം കേട്ടു എന്ന് പമ്പുകാരന് തോന്നുന്നു. അയാൾ ശബ്ദത്തിനായി കാതോർക്കുന്നു. അയാൾ പതിയെ ശബ്ദമുണ്ടാക്കാത്ത രീതിയിൽ എഴുന്നേൽക്കുന്നു. നേരെ സ്വീകരണ മുറിയിൽ എത്തുന്നു. പുറത്ത് ശബ്‌ദമുണ്ടോയെന്ന് വാതിലിൽ ചെവി ചേർത്ത് വച്ച് കേൾക്കാൻ ശ്രമിക്കുന്നു.
പുറത്തെ ലൈറ്റ് ഇട്ടിട്ട് അയാൾ പതിയെ മുൻ വാതിൽ തുറക്കുന്നു.

വാതിലിന്റെ മുന്നിൽ നിൽക്കുന്ന ഓട്ടോക്കാരൻ. സംഗീതം അതിന്റെ ഉച്ചസ്ഥായിലെത്തുന്നു. ഞെട്ടിത്തരിച്ച് നിൽക്കുന്ന പമ്പുകാരൻ. അയാൾ കണ്ണടച്ച് തുറക്കുന്നു.

ഓട്ടോക്കാരൻ അവിടെയില്ല..അയാൾ ചുറ്റും നോക്കുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല.

സ്‌ക്രീൻ ബ്ളാങ്കാവുന്നു.




                                                                അടുത്ത ദിവസം 



സീൻ   ഇരുപത്തിയൊന്ന്


പകൽ

ഔട്ട് ഡോർ

റോഡ്


ഓട്ടോക്കാരൻ

പമ്പുകാരൻ

കുട്ടി

ആൾക്കൂട്ടം



സ്പീഡിൽ സ്‌കൂട്ടർ ഓടിക്കുന്ന ഓട്ടോക്കാരൻ. അയാൾ ഒരാൾക്കൂട്ടം കാണുന്ന സ്ഥലത്ത് സ്‌കൂട്ടർ നിറുത്തുന്നു. അവിടെ സ്‌കൂൾ ബസ്സ് സൈഡിലായി മറിഞ്ഞ രീതിയിൽ കിടക്കുന്നു. ഒരു ജീപ്പും ചരിഞ്ഞ രീതിയിൽ തൊട്ടടുത്ത് കാണാം. നല്ല ഒരാൾക്കൂട്ടം ദൃശ്യമാണ്. ഒരപകടം അവിടെ നടന്നു എന്ന് വ്യക്തം.

സ്‌കൂട്ടർ അലക്ഷ്യമായി ഉപേക്ഷിച്ച് നിലവിളിച്ചുകൊണ്ട് പമ്പുകാരൻ സ്‌കൂൾ ബസ്സിനടുത്തേക്ക് പായുന്നു.

അയാൾ അവിടെ എത്തുന്നതിന് മുമ്പായി പമ്പുകാരന്റെ മകളെയും എടുത്തുകൊണ്ട് ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി പുറത്ത് വരുന്ന ഓട്ടോക്കാരൻ.


തന്റെ മകൾക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് മനസ്സിലാക്കിയ പമ്പുകാരന്റെ മുഖത്ത് സന്തോഷം നിറയുന്നു. അയാൾ മകളുടെ അടുത്തേക്ക് ചെല്ലുന്നു.


വിഷ്വലുകൾ ഫ്രീസു ചെയ്യുന്നു.




A SUNIL V PANICKER FILM

WRITTEN BY Dr. JAMES BRIGHT